മുംബൈ: കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കുന്നവര്‍ പറ്റുമെങ്കില്‍ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിപ്പിച്ച പോലെ തന്നെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ഫോട്ടോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് നവാബ് മാലിക് പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി മരണ നിരക്കും വലിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ സ്ഥലവും സൗകര്യവുമില്ലാതെ ആളുകള്‍ ക്യൂ നിന്ന് കഷ്ടപ്പെടുന്ന വീഡിയോകള്‍ വൈറലാകുന്നു. നിലവിലെ സാഹചര്യത്തിന് കേന്ദ്രം ഉത്തരവാദിയാണ്. അതിന് ഉത്തരം നല്‍കാതെ ഒളിച്ചോടാനാകില്ലെന്നും മാലിക് പറഞ്ഞു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2.34 ലക്ഷം കടന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 1341 പേരായിരുന്നു 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.