സൗദി : കോവിഡ് ബാധിച്ച് മലയാളി യുവാവ് സൌദിയില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍ (23) ആണ് വെള്ളിയാഴ്ച രാത്രി റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സാബിറിന് രണ്ടാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.
ശക്തമായ ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. വര്‍ഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദില്‍ കഴിഞ്ഞിരുന്ന സാബിര്‍ പ്ലസ്ടു വരെ റിയാദിലെ സ്കൂളുകളിലാണ് പഠിച്ചത്. സാമൂഹിക പ്രവര്‍ത്തകനായ പിതാവ് സലാം കളരാന്തിരി കെ.എം.സി.സിയുടെ റിയാദിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങള്‍: സബീഹ്, സല്‍വ, സ്വല്‍ഹ.