റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് (40) സൗദിയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മനോജ് ജോലി ചെയ്തിരുന്ന കമ്പിനി അധികൃതരാണ് മരണവിവരം അറിയിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്ത് ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ മനോജിനു കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും രണ്ടാമത്തെ പരിശോധനാ ദിവസമാണ് മരണം സംഭവിച്ചതെന്നും കമ്പിനി അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ പരിശോധനയ്ക്കായി സ്രവം എടുത്തിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിക്കു. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലാണെന്നാണ് മനോജ് വീട്ടില്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച് അസുഖം കുറവുള്ളതായും അറിയിച്ചിരുന്നു.