തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിന്‍വലിക്കുന്നത് വരെയുള്ള മരണങ്ങള്‍ക്ക് ധനസഹായം ബാധകമാണ്. കൊവിഡ് ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് അനുസരിച്ചാണ് കേരളവും ധനസഹായം നല്‍കി തുടങ്ങിയത്.
കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. അതേസമയം കേരളത്തില്‍ കൊവിഡ് മരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി സംസ്ഥാനതലത്തിലേക്ക് കൈമാറിയ മരണ പട്ടികയില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല.