തിരുവനന്തപുരം: വൈദികന്റെ മരണം സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ ആശങ്ക ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദര്‍ കെ ജി വര്‍ഗീസിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തതാണ് രോഗവ്യാപനത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. വൈദികന്റെ മരണത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ ചികിത്സിച്ച 19 ഡോക്ടര്‍മാര്‍ അടക്കം 23 ജീവനക്കാരോടും പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഒമ്പത് ഡോക്ടര്‍മാരോടും ക്വാറന്റൈനില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈദികന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നുണ്ട്. കടുത്ത ന്യൂമോണിയയുണ്ടായിരുന്ന വൈദികന് മരണശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. 77 വയസ്സായിരുന്നു. വാഹനാപകടം പറ്റി ആശുപത്രിയിലാക്കുകയും തിരികെ കൊണ്ടുവരികയും പിന്നീട് വീണ്ടും ആശുപത്രിയിലാക്കുകയും ചെയ്തതിനിടയില്‍ വൈദികനെ കാണാനെത്തിയവരില്‍ നിന്നാണോ, അതോ ആശുപത്രിയില്‍ നിന്നാണോ രോഗം പകര്‍ന്നത് എന്നതില്‍ ഒരു ധാരണയും ആരോഗ്യവകുപ്പിനില്ല. മുന്‍കരുതലിന്റെ ഭാഗമായി പേരൂര്‍ക്കട ആശുപത്രിയില്‍ വൈദികനെ പ്രവേശിപ്പിച്ചതും അതിന് തൊട്ടടുത്തുള്ളതുമായ രണ്ട് വാര്‍ഡുകള്‍ അടച്ചിട്ടു.
വാഹനാപകടത്തില്‍പ്പെട്ട വൈദികനെ ഏപ്രില്‍ 20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം മേയ് 20ന് പേരൂര്‍ക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ശ്വാസകോശ രോഗങ്ങള്‍ മൂര്‍ച്ഛിച്ചതോടെ മേയ് 30ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വാബ് ടെസ്റ്റ് എടുത്തെങ്കിലും ചൊവ്വാഴ്ച വൈദികന് മരിച്ചു.
നേരത്തെ പോത്തല്‍കോട് സ്വദേശിയ്ക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് കണ്ടെത്താനാകാത്തതും ആരോഗ്യവകുപ്പിന് തലവേദനയായിരുന്നു. 32 രോഗികള്‍ക്ക് സംസ്ഥാനത്ത് ഉറവിടമില്ലാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അങ്ങനെയെങ്കില്‍ വൈറസ് വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.