മഞ്ചേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസായിരുന്നു. വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. നേരത്തേ കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
അട്ടപ്പാടിയില്‍ ആദ്യമായാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍ സംസ്ഥാനത്ത് സംഭവിച്ച ആദ്യ കോവിഡ് മരണവുമാണ് അട്ടപ്പാടിയിലേത് . അട്ടപ്പാടിയില്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. വിദേശത്തുനിന്നെത്തിയവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി ആദിവാസി ഊരിലെ 21 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സക്കായി പോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.