ന്യൂഡല്‍ഹി : ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണസംഖ്യ 73800 കടന്നു. പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.
അതേസമയം ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലാണ് ഏറ്റവുമധികം മരണം ഇന്ന് സംഭവിച്ചത്. ഇവിടെ 833 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ ഒമ്പതിനായിരത്തോളമായിട്ടുണ്ട്. ഇവിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 756 മരണങ്ങളാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനായിരം പിന്നിട്ടിട്ടുണ്ട്. പതിനയ്യായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു.
യുകെയിലാകട്ടെ ഇന്ന് ഇതുവരെ 439 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ അയ്യായ്യിരത്തി മുന്നൂറ് കടക്കുകയും ചെയ്തു. നാലായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അമ്പതിനായിരം കടക്കുകയും ചെയ്തു. ഇറ്റലിയില്‍ 636 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 16523 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്‌പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 500 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 13100 പിന്നിട്ടിട്ടുണ്ട്. ഇന്ന് 3300 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഇറാന്‍, എന്നീ രാജ്യങ്ങളിലും ഇന്ന് നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്താകമാനമായി 4000 ലേറെ ജീവനുകളാണ് കൊവിഡ് ഇന്ന് അപഹരിച്ചത്.