തൃശൂർ : ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് 2018 നവംബറിൽ കലക്ടർ നൽകിയ കുറിപ്പിനു മറുപടി നൽകാത്തതിന് 2021ൽ കാരണം ചോദിച്ചപ്പോൾ കോവിഡ് എന്ന് ഉത്തരം. വിവരാവകാശ നിയമ പ്രകാരം നെടുപുഴ പനമുക്ക് വാകയിൽ വി.എസ് രസിൻ നൽകിയ ചോദ്യത്തിനാണ് ജില്ലാ മെഡിക്കൽ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആയ ജൂനിയർ സൂപ്രണ്ട് കോവിഡ് അടിയന്തര സാഹചര്യത്തെ പ്രതിയാക്കിയത്.
അപ്പീൽ പോയപ്പോൾ ക്ലാർക്കിനു പറ്റിയ അബദ്ധമാണെന്നു വിശദീകരണവും നൽകി. മെഡിക്കൽ കോളജിലെ ഡോക്ടർ അവിടെ ലാബ് ഉള്ളപ്പോൾ സ്വകാര്യ ലാബിലേക്കു പരിശോധനയ്ക്കു നിർദേശിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫിസിൽ നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്നു കാണിച്ച് 2018 ൽ രസിൻ കളക്ടർക്കു പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണത്തിനും തുടർ നടപടിക്കുമായി കളക്ടർ പരാതി 2018 ൽ ജില്ലാ മെഡിക്കൽ ഓഫിസിലേക്കു നൽകി.
2 വർഷം കഴിഞ്ഞിട്ടും മറുപടി കിട്ടാത്ത സാഹചര്യത്തിൽ കളക്ടറുടെ കത്തു കിട്ടിയിട്ടുണ്ടോ എന്നു രസിൻ വിവരാവകാശ നിയമ പ്രകാരം ചോദിപ്പോഴാണ് കോവിഡ് അടിയന്തര സാഹചര്യം മൂലമാണ് റിപ്പോർട്ട് ലഭ്യമാകാൻ താമസം എന്നു മറുപടി നൽകിയത്. കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ട് ഒരു വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ കോവിഡ് എത്തിയത് എന്ന് അറിയാതെയായിരുന്നു മെഡിക്കൽ ഓഫിസിൽ നിന്നുള്ള മറുപടി.
ജോലിയിൽ വീഴ്ച വരുത്തിയ ക്ലാർക്കിനെ മാറ്റി പകരം ക്ലാർക്കിനെ നിയമിച്ച സമയത്താണ് ഫയൽ മുൻപിൽ എത്തിയതെന്നും കഴിഞ്ഞ വർഷത്തെ കാര്യമാണ് എന്നു കരുതിയാണ് കോവിഡ് സാഹചര്യം കാണിച്ചു മറുപടി നൽകിയതെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ക്ലാർക്കിനെ സീറ്റ് മാറ്റിയതായി അറിയിച്ച വിശദീകരണത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതവുമുണ്ട്.