ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം മരിച്ചവരുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭിക്കില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്.
മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് കൊവിഡ് ബാധിച്ച് 736 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇതില്‍ 287 ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ലഭിച്ചത്.
2020 മാര്‍ച്ച് 26 നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. 90 ദിവസത്തേക്കായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഒരു വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.