കൊച്ചി: കോവിഡ് ആശുപത്രികള്‍, ക്വാറന്റൈന്‍ ഇടങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങളും രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് നിര്‍ദേശം. മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ വലിച്ചെറിയുന്നതിനെതിരെ കര്‍ശനനടപടി വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ പ്രതിരോധത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്‌കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ചട്ടങ്ങള്‍ യോജിപ്പിച്ചാണു സംസ്ഥാനത്തെ സംസ്‌കരണ നടപടി .കോവിഡുമായി ബന്ധപ്പെട്ട അജൈവ, ബയോ മെഡിക്കല്‍ ഉപകരണങ്ങളില്‍ കൂടുതലുള്ള മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ ഇമേജ് സംസ്‌കരണ കേന്ദ്രത്തിനു നല്‍കാമെങ്കിലും അതിനു സൗകര്യമില്ലാത്ത ജില്ലകളില്‍ അവ അണുമുക്തമാക്കി ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഇത്തരം മാലിന്യങ്ങള്‍ ഇനംതിരിച്ച് വെവ്വേറെ നിറത്തിലുളള സംഭരണികളിലാണു ശേഖരിക്കേണ്ടത്. രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍, ചികിത്സാകേന്ദ്രങ്ങളോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ആഴമുളള കുഴിയെടുത്ത് പകുതി ജൈവാവശിഷ്ടം നിറച്ച് അതിനുമുകളില്‍ ചുണ്ണാമ്പും പിന്നെ മണ്ണും ഇട്ട് മൂടണം. ജീവനക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്കു മാറ്റാം. മാലിന്യം സംഭരിക്കുന്ന സംഭരണികളും ബാഗുകളും ഇടയ്ക്കിടെ അണുമുക്തമാക്കണം. ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ക്ലീന്‍ കേരള കമ്പനിയുടെ സൗകര്യങ്ങള്‍ സംസ്‌കരണത്തിന് ലഭിക്കും.
The post കോവിഡ് ആശുപത്രികളുടെ ബയോ മെഡിക്കല്‍ മാലിന്യങ്ങളും രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ആഴത്തില്‍ കുഴിച്ചുമൂടണമെന്ന് നിര്‍ദേശം appeared first on Pathanamthitta Media.