ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ച ഉയര്‍ന്നനിലയില്‍ എത്തിയെങ്കിലും ഇപ്പോള്‍ ദെെനംദിന കേസുകള്‍ കുറഞ്ഞു വരികയാണ്. എന്നാല്‍ മരണ നിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ദിവസവും നാലായിരത്തിനടുത്ത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച രാജ്യത്ത് 3,43,122 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ഇത് 3,62,720 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3994 മരണങ്ങള്‍ രേഖപ്പെടുത്തി. ചെവ്വാഴ്ച 4205 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.
കുറയുന്ന കേസുകളുടെയും താരതമ്യേന ഉയര്‍ന്ന മരണത്തിന്റെയും ഫലമായി കഴിഞ്ഞ ആഴ്ചയിലെ മരണനിരക്ക് ഏപ്രില്‍ മാസത്തിലെ 0.7 ശതമാനത്തില്‍നിന്നും 1.1 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് കേസുകള്‍ കുറയുന്നതായാണ് കാണുന്നത്. കര്‍ണാടകയില്‍ 35,297 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മേയ് അഞ്ചിന് ഇവിടെ കേസുകളുടെ എണ്ണം 50,112 ആയിരുന്നു. ഡല്‍ഹി-10,489, ഉത്തര്‍പ്രദേശ്-17,775, ചത്തിസ്ഗഢ്-9121, മദ്ധ്യപ്രദേശ്-8419, ബീഹാര്‍-7752, തെലംഗാന- 4693 എന്നിങ്ങനെയാണ് കേസുകള്‍ കുറഞ്ഞു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
അതേസമയം തമിഴ്നാട്ടിലും (30,621) ബംഗാളിലും (20,839) ഒറ്റ ദിവസം കൊണ്ട് കേസുകള്‍ ഉയര്‍ന്നു. കേരളം (39,955), ആന്ധ്രപ്രദേശ് (22,399), രാജസ്ഥാന്‍ (15,867), പഞ്ചാബ് (8494) എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലും കേന്ദ്രപ്രദേശങ്ങളിലും കേസുകള്‍ കൂടുതലാണ്. കര്‍ണാടകയില്‍ മരണം 344 ആയി കുറഞ്ഞു. തമിഴ്നാട്ടില്‍ 297 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയിലും (308) യു.പിയിലും (281) മരണസംഖ്യ ഉയര്‍ന്നു.