ന്യൂഡല്‍ഹി : പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ നേരിയ രീതിയില്‍ കുറയുന്നു. എന്നാല്‍ മരണസംഖ്യ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഉയരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,48,421 കൊവിഡ് കേസും 4205 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസ് 2,33,40,938 ഉം മരണം രണ്ടര ലക്ഷവും കടന്നു. രാജ്യത്തെ90 ശതമാനം പ്രദേശങ്ങളിലും കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 640 ജില്ലകളില്‍ ഉയര്‍ന്ന ടെസ്റ്റ് പോസറ്റിവിറ്റി നിരക്കുണ്ടെന്നും കേന്ദ്രാആരോഗ്യമന്ത്രാലയം പറയുന്നു.19.83 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
അതിനിടെ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധനക്ക് കേന്ദ്രം അനുമതി നല്‍കി. കൊവാക്‌സിന്‍ ഉത്പ്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം. അതിനിടെ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം വലിയ അപകടമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആഗോള തലത്തില്‍ 40 ഓളം രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നതാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 40000ത്തിന് മുകളിലും കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ 35000ത്തിന് മുകളിലുമാണ് കേസുകള്‍. മഹരാഷ്ട്രയില്‍ 793, കര്‍ണാടകയില്‍ 480, യു പിയില്‍ 301, തമിഴ്‌നാട്ടില്‍ 298, ഡല്‍ഹിയില്‍ 347, ആന്ധ്രയില്‍ 108, ബംഗാളില്‍ 132, ഛത്തീസ്ഗഢില്‍ 199, രാജസ്ഥാനില്‍ 169, ഗുജറാത്തില്‍ 118, ഹരിയാനയില്‍ 144, പഞ്ചാബില്‍ 214, മധ്യപ്രദേശില്‍ 94, അസമില്‍ 85, ജാര്‍ഖണ്ഡില്‍ 103, ഉത്തരാഖണ്ഡില്‍ 118, കേരളത്തില്‍ 79 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.