ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 52.42 ലക്ഷം കവിഞ്ഞു. ഇതില്‍ 41.39 ലക്ഷം പേര്‍ കോവിഡ് മുക്തരായപ്പോള്‍ 84,689 പേര്‍ മരിച്ചു. വ്യാഴാഴ്ച മാത്രം 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,174 പേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 21,656 പേര്‍ക്കാണ്. 405 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 11,67,496 ആയി. 20.51 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് നിരക്ക്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31791 ആയി. 2.72 ശതമാനമാണ് സംസ്ഥാനത്ത് കോവിഡ് മരണനിരക്ക്.
ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 8096 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,803 പേര്‍ കൂടി രോഗമുക്തി നേടിയതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതര്‍ 6,09,558 ആയി ഉയര്‍ന്നു. ഇതില്‍ 84,423 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,19,891 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 67 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 5244 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.