ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 63,94,069 ലക്ഷമായി ഉയര്‍ന്നു. 1,095 പേരാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 99,773 ആയി. ഇതുവരെ 53.52 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 9.42 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10.97 ലക്ഷം സാമ്പിളുകളാണ് രാജ്യത്ത് ഇന്നലെ പരിശോധിച്ചത്. ആകെ 7.67 കോടി കൊവിഡ് ടെസ്റ്റുകള്‍ ഇതുവരെ നടത്തിയെന്നും ഐസിഎംആര്‍ പറയുന്നു.
പ്രതിദിന രോഗബാധയിലും മരണത്തിലും ഇന്ത്യ തന്നെയാണ് ലോകത്ത് മുന്നില്‍. ആകെ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുളള അമേരിക്കയില്‍ ഇന്നലെ 47,389 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 920 പേര്‍ മരിക്കുകയും ചെയ്തു. 48.49 ലക്ഷം ജനങ്ങള്‍ രോഗബാധിതരായ ബ്രസീലില്‍ ഇന്നലെ 35,643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 805 പേരാണ് മരിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുളളത്.
അമേരിക്കയില്‍ ഇതുവരെ 74.94 ലക്ഷം ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. 2.12 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവര്‍ 47.36 ലക്ഷമാണ്. നിലവില്‍ 25.45 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസീലില്‍ 1.44 ലക്ഷം ജനങ്ങളാണ് മരിച്ചത്. നിലവില്‍ 4.91 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.