ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. മേയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേരിലേക്ക് എത്തിയിരിക്കാമെന്ന് ഐസിഎംആര്‍ നടത്തിയ സെറംസര്‍വേയില്‍ പറയുന്നു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലാണ് ഈ റിപ്പോര്‍ട്ട്. മുതിര്‍ന്ന വ്യക്തികളില്‍ 0.73 ശതാനം പേരിലേക്ക് കൊവിഡ് വൈറസ് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മേയ് 11 മുതല്‍ ജൂണ്‍ നാലു വരെ 28,000 പേരിലാണ് കൊവിഡ് എലിസ കിറ്റ് ഉപയോഗിച്ചുള്ള രക്തത്തിലെ ആന്റിബോഡീസ് ടെസ്റ്റു നടത്തിയത്. സെറം പോസിറ്റിവ് ആയതില്‍ കൂടുതലും 18-45 വയസ്സിനുള്ളിലുള്ളവരാണ്. (43.3%). 46-60 വയസ്സിനു മധ്യേ (39.5%) യുള്ളവരാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. 70 വയസ്സിനു മുകളിലുള്ളവരില്‍ (17.2%) ആണ് കുറവ് രോഗവ്യാപന നിരക്ക്.
മേയ് ആദ്യത്തോടെ പ്രായപൂര്‍ത്തിയായവരില്‍ 64,68,388 പേരിലേക്ക് കൊവിഡ് എത്തിയിരിക്കാമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വ്യാപനം വളരെ കുറഞ്ഞ തോതിലായിരുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും കൊറോണ വൈറസ് ബാധയുണ്ടായതായി സംശയമുണ്ട്. രോഗലക്ഷണമുള്ളവരില്‍ പരിശോധന വര്‍ദ്ധിപ്പിക്കുകയും പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യുന്നതും ഹൈ റിസ്‌ക് കോണ്‍ടാക്ട് ഉള്ളവരെ കണ്ടെത്തുന്നതും രോഗം കൂടുതല്‍ വ്യാപിക്കുന്നത് തടയുകയും വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 25 വരെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 15 ജില്ലകളുണ്ട്. 22 ജില്ലകളില്‍ രോഗികളുടെ എണ്ണം വളരെ കുറവും 16 ഇടങ്ങളില്‍ ശരാശരിയും 17 ജില്ലകളില്‍ വളരെ കൂടുതലുമായിരുന്നു. രാജ്യത്തിന്റെ് നാലു മേഖലകളില്‍ നിന്നുള്ള 70 ജില്ലകളിലെ 700 ക്ലസ്റ്ററുകളിലുള്ള 30,283 വീടുകളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48.5 % പേരും 18-45 വയസ്സിനു മധ്യേ പ്രായമുള്ളവരാണ്. 51.5% സ്ത്രീകളാണ്. 18.7% പേര്‍ അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരുമാണ്.