ന്യൂയോർക്ക് : കൊവിഡ് പശ്ചാത്തലത്തില്‍ പൗരൻമാരോട് എത്രയും വേഗം ഇന്ത്യ വിടാൻ ഉപദേശിച്ച് അമേരിക്ക. ആശുപത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തുടരുകയാണെന്നും സുരക്ഷിത സമയത്ത് ഇന്ത്യ വിടണമെന്നും പൗരൻമാർക്കുള്ള അറിയിപ്പിൽ അമേരിക്ക പറയുന്നു.
അതേസമയം മഹാമാരി ഇന്ത്യയെ പിടിച്ച് കുലുക്കുമ്പോൾ വിദേശ സഹായത്തെക്കുറിച്ചുള്ള നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. വിദേശ രാജ്യങ്ങളുടെ സംഭാവനകൾ സ്വീകരിക്കാനാണ് തീരുമാനം. കേരളത്തിലെ പ്രളയം ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് വിദേശ സർക്കാരുകളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നയം. രാജ്യത്തിനകത്തു തന്നെ ആവശ്യമായ വിഭവം ഉണ്ടെന്ന വിശദീകരണമാണ് അന്ന് സർക്കാർ നല്‍കിയത്.
കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ ആരോഗ്യരംഗം ശ്വാസം മുട്ടുമ്പോൾ പരമാവധി രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതിലേക്ക് സർക്കാർ നയം മാറുകയാണ്. ഓക്സിജൻ കോൺസൺട്രേറ്ററുകളും മരുന്നും ഇന്ത്യയ്ക്ക് സൗജന്യമായി നല്‍കാന്‍ പല സുഹൃദ് രാജ്യങ്ങളും തയ്യാറായിരിക്കുന്നു. ഇന്ത്യ വിദേശകമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഉപകരണങ്ങളും മരുന്നും രാജ്യത്ത് അടിയന്തരമായി എത്തിക്കാനും വിദേശരാജ്യങ്ങൾ ഇടപെടുന്നുണ്ട്.
അമേരിക്കയിൽ നിന്ന് ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പടെയുള്ള സഹായവുമായി സി5 വിമാനം കാലിഫോണിയയിൽ നിന്ന് തിരിച്ചു. യുകെ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തി. ചൈന 25000 ഓക്സിജൻ കോൺസൺട്രേറ്ററുകളും മരുന്നും ഇന്ത്യയ്ക്കു നല്‍കാന്‍ തയ്യാറെന്ന് അറിയിച്ചു. അതിർത്തിയിലെ തർക്കത്തിനിടയിലും ഇത് സ്വീകരിക്കാനാണ് ധാരണ.