തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ വെച്ച് ഏറ്റവും ഉയർന്നതാണ് ഇന്നത്തെ കണക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്നത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂർ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂർ 4, എറണാകുളം 2, വയനാട് രണ്ട്. ഇന്ന് രോഗവിമുക്തി നേടിയത് 39 പേരാണ്. ഇന്ന് പോസിറ്റീവ് ആയതില്‍ 47 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതുമാണ്. 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.
കേരളത്തിൽ ഇന്ന് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. ഇവർക്ക് പ്രമേഹം ന്യുമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. മീനാക്ഷിയമ്മാൾ മെയ് 25 നാണ് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്ന് കേരളത്തിലെത്തിയത്. തുടർന്ന് തുടർന്ന് കനത്ത പനിയോടെ മെയ് 28നാണ് ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. പാലക്കാട് ജില്ലയിലെ ആദ്യ കൊവിഡ് മരണം കൂടിയാണിത്.