തിരുവനന്തപുരം : 4.065 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ മരുന്നുകൂടി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചു. വെള്ളിയാഴ്ച ഇത് സംസ്ഥാനത്തെത്തിക്കും. തിരുവനന്തപുരത്ത് 1.38 ലക്ഷം എറണാകുളത്ത് 1.595 ലക്ഷം കോഴിക്കോട്ട് 1.09 ലക്ഷം ഡോസുവീതം എത്തിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. കേന്ദ്ര മാർഗനിർദേശം ലഭിക്കുന്ന മുറയ്ക്ക് 60-നുമേൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. രജിസ്‌ട്രേഷനുള്ള പോർട്ടൽ സൗകര്യം അതിനുശേഷം തുറക്കും. അറുപതിനുമേൽ പ്രായമുള്ളവർക്ക് തൊട്ടടുത്ത സ്ഥലത്ത് വാക്സിൻ എടുക്കാനുള്ള കേന്ദ്രങ്ങളൊരുക്കും.
ഇതിനായി മുന്നൂറോളം സ്വകാര്യ ആശുപത്രികളിൽ മരുന്നുവിതരണത്തിനുള്ള സൗകര്യമുണ്ടാകും. മൂന്നാംഘട്ടമായി 50-ന് മുകളിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകാനാണ് സംസ്ഥാനസർക്കാർ നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ മൂന്നാംഘട്ടത്തിൽ അറുപതിനുമേലുള്ളവരെ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും മാറ്റം. സംസ്ഥാനത്ത് എല്ലാവർക്കും മരുന്ന് സൗജന്യമായി നൽകുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനുശേഷം ഏതെങ്കിലും കാരണത്താൽ പ്രതിരോധ മരുന്ന് സ്വീകരിക്കാൻ കഴിയാതെപോയ ആരോഗ്യ പ്രവർത്തകർ ശനിയാഴ്ചയ്ക്കുമുമ്പ് മരുന്ന് സ്വീകരിക്കണം.