കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്.
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഏഴ് പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനഫലമായി അരുവാപ്പുലം പഞ്ചായത്തിൽ 42 പേർക്കും കോന്നിയിൽ 22, വള്ളിക്കോട് 32, പ്രമാടം 52, തണ്ണിത്തോട് 25, മലയാലപ്പുഴ 10, മൈലപ്ര 13 പേർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോന്നി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ – 0468 2333661. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അംമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മൂന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ചേർന്ന സബ്ബ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.