കോഴിക്കോട്: കോവിഡ് നെഗറ്റീവായിട്ടും അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളെജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. നന്മണ്ട കൂളിപ്പൊയിൽ ചെറുവലത്ത് രാമൻകുട്ടിയുടെ മകൻ സജിലേഷാണ് (33) മരിച്ചത്. ദിവസങ്ങളായി ചികിത്സയോട് പ്രതികരിക്കാതെ അതി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു.
ചുമയും ശ്വാസതടസ്സവുമായി ജൂൺ 20നാണ് യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായത്. ബാംഗ്ലൂർ യാത്രാപശ്ചാത്തലമുള്ള യുവാവിന് കോവിഡ് പരിശോധന പോസിറ്റീവാകുകയും കോവിഡുമായി ബന്ധപ്പെട്ട ന്യൂമോണിയ തിരിച്ചറിയുകയും ചെയ്തു. ശ്വാസതടസ്സവും കോവിഡും കാരണം രോഗപ്രതിരോധ ശേഷിക്ക് ഗുരുതരമായി തകരാറുകൾ സംഭവിച്ചു.
ആദ്യദിവസം തന്നെ രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകുകയും ചെയ്തു. എന്നാൽ ദിവസം കഴിയുംതോറും രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും മരുന്നുകളോടും ചികിത്സയോടും പ്രതികരണം കുറയുകയുമാണുണ്ടായത്. ഇദ്ദേഹത്തിന്റെ സഹോദരന് ജൂൺ 17ന് രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലൈ ആറിന് ഇദ്ദേഹത്തിന്റെ രണ്ട് കോവിഡ് പരിശോധനകൾ നെഗറ്റീവായിരുന്നു.