കോന്നി : തണ്ണിത്തോട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീടിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ ആറ് പേർക്കെതിരെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തണ്ണിത്തോട് സ്വദേശികളായ മേക്കണ്ണം മോഹനവിലാസം രാജേഷ്(46), അശോക വിലാസം അജേഷ്(46), പുത്തൻപുരയ്ക്കൽ അശോകൻ(43), നവീൻ, ജിൻസൻ, സനൽ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ രാജേഷ്, അജേഷ്, അശോകൻ എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ജനങ്ങൾക്കിടയിൽ വലിയ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. നിസാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവരെ ജാമ്യത്തിൽ വിട്ടയച്ചെതെന്നും നാട്ടുകാർ പറയുന്നു. കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടി വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയവേ ആയിരുന്നു സംഭവം നടന്നത്. കൊറോണയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കൂടി പെൺകുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരേയുണ്ടായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ സമാന്തര കമ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും പറയുന്നു. ഇത് സംബന്ധിച്ച് തണ്ണിത്തോട് പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ തണ്ണിത്തോട് പോലീസിൽ പരാതി സമർപ്പിച്ചിരുന്നു.
പെൺകുട്ടിയുടെ വീടിന് നേരേയുണ്ടായ ആക്രമണം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.