കണ്ണൂര്‍ : വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.