പത്തനംതിട്ട : ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന 17 പേരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതില്‍ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ അവസാന രോഗിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് യാത്രയാക്കി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
കോവിഡ് 19 ജില്ലയില്‍ സ്ഥിരീകരിച്ച് രണ്ടു മാസം തികയുന്ന ദിവസമാണ് അവസാനത്തെ രോഗിയും ആശുപത്രി വിടുന്നുവെന്ന പ്രത്യേകതയുണ്ട്. മാര്‍ച്ച് ആറിനാണ് ആദ്യമായി കോവിഡ് ബാധിതര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. രണ്ടു മാസമായിട്ടുള്ള എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനത്തിന്റെ ഫലമാണ് ജില്ല കോവിഡ് മുക്തി നേടിയത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങുന്നതിന്റെ ഭാഗമായി കൂടുതല്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണുള്ളത്. ആയിരക്കണക്കിന് ആളുകളാണ് വരും ദിവസങ്ങളില്‍ ജില്ലയിലേക്ക് എത്തുന്നത്. നമ്മള്‍ അറിയാതെയും നിരവധി ആളുകള്‍ കടന്നുവരും. അതു കണ്ടെത്തുന്നതിനായി പോലീസ് സഹായം ആവശ്യമാണ്. എത്തുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കാനാണു ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
രണ്ടു മാസം നീണ്ടു നിന്ന കഠിനാധ്വാന പ്രവര്‍ത്തനം കാഴ്ചവച്ച് കൂടെനിന്ന ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും ജില്ലാ കളക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ആശുപത്രി വിട്ടെങ്കിലും ആശങ്ക ഒഴിയാറായിട്ടില്ലെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജയും പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നും നിന്നും ആളുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത തുടരുകയാണ്. നിലവില്‍ ആശുപത്രിയില്‍ അഞ്ചു പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ഡി.എം.ഒ പറഞ്ഞു.
എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, പത്തനംതിട്ട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ്, ഡോക്ടര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.