എറണാകുളം : കളമശേരി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്ന മരണ റിപ്പോർട്ട് പുറത്ത് വന്നു. കൊവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പർ ടെൻഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോർട്ടിൽ പറയുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും
നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ തള്ളുന്നതാണ് ഹാരിസിന്റെ മരണ റിപ്പോർട്ട്. കൊവിഡ് മൂലമുള്ള ന്യുമോണിയ മൂർച്ഛിക്കുകയും ഹൈപ്പർ ടെൻഷനുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നതാണ് റിപ്പോർട്ട്.
അതേസമയം മരിച്ച ഹാരിസിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. ഇന്നലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസറിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഹാരിസ് മരിക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.