എറണാകുളം : കളമശേരി മെഡിക്കൽ കോളജ് ആസുപത്രിയിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ നജ്മ സലീം. മെഡിക്കൽ കോളജിൽ മുൻപും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായി. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല. അതിന്റെ പേരിൽ നഴ്‌സിംഗ് ഓഫീസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ വെളിപ്പെടുത്തി.
ഓക്‌സിജൻ മാസ്‌ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‌സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്‌സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു
അതേസമയം കളമശേരി മെഡിക്കൽ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചുവെന്ന നഴ്‌സിംഗ് ഓഫീസറുടെ പരാമർശത്തിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.