തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ പത്ത് ദിവസത്തിന് ശേഷം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് വിദഗ്ധ സമിതി പറയുന്നത്. 10 ദിവസം കഴിഞ്ഞാല്‍ രോഗം പടരാനുളള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുളള പരിശോധന അനാവശ്യമാണ്. ഒരു ദിവസം അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇനിയും പരിശോധനകളുടെ എണ്ണം കൂട്ടണം. പത്ത് ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങളുളളവരും ഗുരുതരാവസ്ഥയിലുളള രോഗികളുടെയും കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്നേരം ഡിസ്ചാര്‍ജ് ചെയ്യാം. ഇതിനും പിന്നീട് പരിശോധന വേണ്ടതില്ല. രോഗമുക്തി നേടിയവര്‍ പിന്നീട് ഒരാഴ്ച കൂടി വീടുകളില്‍ ക്വാറന്റൈന്‍ ഇരിക്കണമെന്ന നിര്‍ദേശവും ഒഴിവാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. നേരത്തെ സമിതി ഈ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പിസിആര്‍ പരിശോധന ഒഴിവാക്കി ഡിസ്ചാര്‍ജ് ചെയ്യുന്നവരെ ആന്റിജന്‍ പരിശോധന നടത്തുകയാണ് ചെയ്യുന്നത്.