കൊച്ചി : കോവിഡ് വിവര കൈമാറ്റത്തില്‍ സുരക്ഷാ വീഴ്ച. ഇടുക്കിയിലെ അന്‍പതിലേറെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് പരിശോധനാഫലം പോസിറ്റീവ് ആയവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. വിലാസവും മൊബൈല്‍ നമ്പറും അടക്കമുള്ള വിവരങ്ങലാണ് പുറത്തായത്. വിവരങ്ങള്‍ സോഷ്യല്‍ ആരോഗ്യവകുപ്പില്‍ നിന്ന് തന്നെയാണ്. സംഭവത്തില്‍ ഇടുക്കി ജില്ലാകളക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒരോ ദിവസം പിന്നിടുന്തോറും സംസ്ഥാനത്ത് സമൂഹവ്യാപനം കൂടുന്ന അവസ്ഥയാണ് കാണുന്നത്. ഓരോ ജില്ലയിലും അയ്യായിരം രോഗികള്‍ വരെയാകാമെന്നും പ്രതിരോധം ശക്തമാക്കണമെന്നും സര്‍ക്കാർ വിലയിരുത്തി. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള തിരുവനന്തപുരത്താണ് സ്ഥിതി അതീവ ഗുരുതരം. നൂറിലേറെ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൂന്തുറയ്ക്കും ചെല്ലാനത്തിനും പുറമേ കൂടുതല്‍ തീരമേഖലകളിലേയ്ക്ക് കോവിഡ് വ്യാപിക്കാമെന്നും ജാഗ്രത വേണമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുന്നറിയിപ്പ് നല്കി.
ഈ മാസം ആദ്യം മൊത്തം രോഗബാധിതരില്‍ സമ്പര്‍ക്ക രോഗബാധിതര്‍ വെറും 9 ശതമാനമായിരുന്നു. 14 ദിവസം പിന്നിട്ടപ്പോള്‍ സമ്പര്‍ക്ക രോഗബാധിതരുടെ നിരക്ക് 65 ശതമാനമായി ഉയര്‍ന്നു. മുങ്ങി മരിച്ചയാള്‍ക്കും തെന്നിവീണ് മരിച്ചയാള്‍ക്കും ചക്ക തലയില്‍ വീണയാള്‍ക്കും ആത്മഹത്യചെയ്തവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി. സമൂഹവ്യാപനത്തിലേയ്ക്ക് ഇനി അകലം ഏറെയില്ല. ഈ സന്ദര്‍ഭത്തിലാണ് ഓരോ ജില്ലയിലും അയ്യായിരം രോഗികള്‍ വരെയാകാമെന്ന മന്ത്രി സഭായോഗത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരത്ത് നിയന്ത്രണങ്ങളെല്ലാം വൃഥാവിലായ അവസ്ഥയാണ്. പുല്ലുവിള 27 ഉം പാറശാലയില്‍ 22ഉം ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മേഖലയുള്‍പ്പെടുന്ന കരുംകുളം പഞ്ചായത്ത് ഓഫീസ് അടച്ചു. എറണാകുളത്തിന്റെ തീരമേഖലയും ആലുവയും ആശങ്കയിലാണ്. ചെല്ലാനത്ത് 103 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കൊല്ലം മലപ്പുറം ആലപ്പുഴ ജില്ലകളിലെ തീരമേഖലകളിലും 23 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി രോഗബാധ പിടിച്ചുകെട്ടാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.