പത്തനംതിട്ട : ജില്ലയില്‍ സ്കൂള്‍ അധ്യാപകരില്‍ കോവിഡ് വര്‍ധിക്കുന്നു. 101അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.സ്കൂള്‍ തുറന്ന ശേഷമാണ് ഇത്രയും അധ്യാപകര്‍ക്ക് കോവിഡ് പിടിപെട്ടത്. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണിപ്പോള്‍. പല കുട്ടികളും പനി ലക്ഷണങ്ങള്‍ കാണിക്കുന്നതായി രക്ഷിതാക്കളും പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇപ്പോള്‍ വൈറല്‍ പനിയും വ്യാപകമാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് നവംബര്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും ക്ലാസിലെത്തുന്നുണ്ട്. ഇതിനിടെയാണ് രോഗവ്യാപനം. സ്കൂകളില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇപ്പോള്‍ പാലിക്കുന്നില്ലെന്നും പറയുന്നു. തുടക്കത്തില്‍ ജില്ലയില്‍ അധ്യാപകരും അനധ്യാപകരുമടക്കം 59പേര് ഒരു ഡോസ് വാക്സിന് പോലും സ്വീകരിച്ചിരുന്നില്ല. പരാതിക്കുശേഷം 13പേരോഴികെ എല്ലാവരും വാക്സിന് എടുത്തു. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ടാണ് വാക്സിനെടുക്കാത്തതെന്നാണ് വിശദീകരണം.
കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാ അധ്യാപകരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ആറായിരത്തിലധികം അധ്യാപകര്‍ ജില്ലയില്‍ നിലവില്‍ സ്കൂളുകളില്‍ എത്തുന്നുണ്ട്. 60 കുട്ടികള്‍ വരെയുള്ള ക്ലാസുകളുണ്ട് ജില്ലയില്‍. കോവിഡിന്റെ ഉറവിടം കൃത്യമായി കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ സ്കൂളില്‍ നിന്ന് പകര്‍ന്നതാകാമെന്ന് കരുതാനാകില്ലെന്ന് അധികൃതര്‍ പറയുന്നു.
രോഗലക്ഷണം കണ്ടാല്‍ തന്നെ അധ്യാപകര്‍ പരിശോധന നടത്താറുള്ളതിനാല്‍ കുട്ടികള്‍ക്കിടയില്‍ വ്യാപനം കണ്ടെത്തിയിട്ടില്ല. അപകടകരമായ സാഹചര്യമില്ലെന്നാണ് സ്കൂള്‍, ആരോഗ്യ വകുപ്പ് അധികൃതരുടെ അഭിപ്രായം. സ്കൂള്‍ തുറന്ന സമയത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതെല്ലാം ലംഘിച്ചു. പലസ്ഥലത്തും സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞ് പോകുന്നുണ്ട്.