തിരുവനന്തപുരം : വിദേശത്തു നിന്നു കോവിഡ് ലക്ഷണത്തോടെ വന്നയാളെ നിരീക്ഷണത്തിലാക്കുന്നതില്‍ ആരോഗ്യവകുപ്പിന് വന്‍ വീഴ്ച. ജില്ലയില്‍ കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ ക്വാറന്റീനിലാക്കുന്നതില്‍ ഗുരുതര വീഴ്ച. ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെ പരിശോധനയ്ക്കായി സ്രവം എടുത്തശേഷം മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കു പറഞ്ഞയച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഇയാളുടെ കോവിഡ് പരിശോധനാഫലം വന്നപ്പോള്‍ പോസിറ്റിവ് ആയി. ഇതോടെയാണ് ആരോഗ്യ വകുപ്പിന്റെ വന്‍ വീഴ്ച പുറത്തായത്.
ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്കു പോയത്. വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താണ് ഇയാളെ, ഈ കേസ് ഗൗരവമായി കാണുന്നതിനു പകരം ലക്ഷണങ്ങളോടു കൂടി വന്നയാളെ വീട്ടിലേയ്ക്കു പറഞ്ഞയച്ചതിലാണ് ആരോഗ്യവകുപ്പിന് വന്‍ വീഴ്ച പറ്റിയത്. ഇയാളെ കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. ഇയാള്‍ക്ക് കുവൈത്തില്‍ വച്ചും കോവിഡ് ബാധിച്ച് ചികിത്സയിലൂടെ സുഖം പ്രാപിച്ചിരുന്നു.