പത്തനംതിട്ട : കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവെച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ് സതീഷ് ജില്ലാ ലേബര്‍ ഓഫീസിലെ കോള്‍ സെന്ററിന് കൈമാറി.
ആരോഗ്യവകുപ്പ് ഇയാളെ പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെ ഇയാളുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസ് കോവിഡ് വാര്‍ റൂം ടീമംഗങ്ങളായ ടി. ആര്‍.ബിജുരാജ്, ടി.എസ് സതീഷ്, ടി.എ അഖില്‍കുമാര്‍, രഞ്ജിത്ത് ആര്‍ നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ നാട്ടിലേക്കു പുറപ്പെട്ടതായി അറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇയാളെ കണ്ടെത്തുകയായിരുന്നു.
അതീവ ജാഗ്രതയോടെ തിരികെയെത്തിച്ച് പത്തനംതിട്ട ജിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ ജീവനക്കാരനായ ഇയാളോടൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന 25 ഇതര സംസ്ഥാന തൊഴിലാളികളുടെ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ വ്യക്തിയിലൂടെ റെയില്‍വേ ഉള്‍പ്പെടെ പല തലങ്ങളില്‍ ഉണ്ടാകുമായിരുന്ന രോഗവ്യാപനം തടയുവാന്‍ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.