കൊച്ചി : സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച് ഹൈകോടതി. ഹോമിയോ മരുന്ന് നല്‍കാനുള്ള കര്‍മപദ്ധതി രേഖപ്പെടുത്തി ഇതുസംബന്ധിച്ച ഹരജി തീര്‍പ്പാക്കി.
മരുന്ന് നല്‍കും മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന് വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിെന്റ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എസ്. വിനീത് നല്‍കിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.
18ല്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്‍കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇതുസംബന്ധിച്ച് ‘കരുതലോടെ മുന്നോട്ട്’ പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച കര്‍മപദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. മരുന്ന് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത് അംഗീകരിക്കുന്നതായി ഹർജിക്കാരനും വ്യക്തമാക്കി. തുടര്‍ന്നാണ് ഹർജി തീര്‍പ്പാക്കിയത്.
അതേസമയം, ഈ മരുന്നിന്റെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് കക്ഷിചേരാന്‍ നല്‍കിയ രണ്ട് ഹർജി കോടതി അനുവദിച്ചില്ല. ഹോമിയോ പ്രാക്ടീഷണറായിരുന്ന ആരിഫ് ഹുസൈന്‍ തെരുവത്തും കരള്‍രോഗ വിദഗ്ധനായ സിറിയക് അബി ഫിലിപ്പുമാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് പ്രത്യേക ഹർജി നല്‍കാന്‍ വാക്കാല്‍ നിര്‍ദേശിച്ച കോടതി, കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.