തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക്. ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
2005-ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷന്‍ 24 പ്രകാരമാണ് ഡോ. വിശ്വാസ് മേത്തയ്ക്ക് ഈ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് 19 സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് വിശ്വാസ് മേത്തയുടെ കര്‍ത്തവ്യം.
ഇക്കാര്യങ്ങളില്‍ വിശ്വാസ് മേത്തയുടെ സഹായത്തിനായി തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗള്‍ ഉണ്ടായിരിക്കും. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശ്വാസ് മേത്ത ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു ചെയ്യും.