പത്തനംതിട്ട : കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഏപ്രില്‍ 23ന് ജില്ലയില്‍ 69 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1475 ആളുകള്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിന് 747 പേര്‍ക്കും എതിരെ പെറ്റി കേസെടുത്തു.
ഏപ്രില്‍ 24ന് വൈകിട്ട് നാലു വരെ രജിസ്റ്റര്‍ ചെയ്ത 56 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തത്തിന് 271 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തത്തിന് 70 ആളുകള്‍ക്കെതിരെയും പെറ്റികേസ് എടുത്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. രണ്ടു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ശനിയാഴ്ചയും ജില്ലയില്‍ വ്യാപകമായി നിയമനടപടിയെടുത്തു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയ എല്ലാവരെയും പോലീസ് പരിശോധിച്ച ശേഷം സത്യപ്രസ്താവന ഇല്ലാത്തവര്‍ക്ക് നോട്ടീസ് നല്‍കി. ആശുപത്രി, വിവാഹം, മരണം, വാക്‌സിനേഷന്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്കായി പോയവരെ ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിച്ചു. ശനി ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് പോലീസ് ഉറപ്പുവരുത്തിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.