ടൂറിന്‍ : യുവന്റസിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് ചട്ടം ലംഘിച്ച് യാത്ര ചെയ്തതായി പരാതി. ഇറ്റാലിയന്‍ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. പങ്കാളി ജോര്‍ജീന റോഡ്രിഗസിന്റെ 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍, ക്ലബ്ബിന്റെ ആസ്ഥാനമായ ടൂറിനില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കോര്‍മേയറിലെ ആല്‍പൈന്‍ ടൗണിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു.
ചട്ടപ്രകാരം ഇവര്‍ക്ക് ടൂറിന്‍ വിട്ട് യാത്ര ചെയ്യാന്‍ അനുവാദമില്ല. കോര്‍മേയറും ആല്‍പൈന്‍ ടൗണും ഉള്‍പ്പെടുന്ന മേഖലയായ പിഡ്‌മോണ്ടും വാലെ ഡി അയോസ്റ്റയും നിലവില്‍ ഓറഞ്ച് സോണാണ്. ഈ മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ ഫെബ്രുവരി 15 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. ഇതുവരെ യുവന്റസ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.