പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ നല്‍കുന്ന സംഭാവന സ്വീകരിക്കാന്‍ പത്തനംതിട്ട നഗരസഭ കോവിഡ് ദുരിതാശ്വാസ നിധി രൂപീകരിിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പത്തനംതിട്ട ശാഖയില്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ തുടങ്ങിയ 25110100017754-ാം നമ്പര്‍ (IFSC BARBOPATTAN) അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.
ജില്ലാ കേന്ദ്രമായ നഗരസഭയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. നഗരത്തില്‍ സാമൂഹിക അടുക്കളയും ജനകീയ ഹോട്ടലും പ്രവര്‍ത്തിച്ചു വരുന്നു. 32 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുകയാണ്. നഗരസഭയുടെ നിയന്ത്രണത്തിലാണ് സിഎഫ്എല്‍ടിസിയും സിഎസ്എല്‍ടിസിയും പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ക്രമീകരണം പത്തനംതിട്ട നഗരസഭയാണ് ഒരുക്കുന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭ നേതൃത്വം നല്‍കുന്നു.
നഗരസഭാ ചെയര്‍മാന്റെ ഓക്സിമീറ്റര്‍ ചലഞ്ചിലൂടെ ലഭ്യമായ പള്‍സ് ഓക്സിമീറ്ററുകള്‍ ഇതിനകം എല്ലാ വാര്‍ഡുകളിലേയും ജാഗ്രതാ സമിതികള്‍ക്ക് എത്തിച്ച് നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിതരായ നിര്‍ദ്ധനരായ രോഗികളെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നഗരവാസികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നഗരസഭയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. 60 സന്നദ്ധ പ്രവര്‍ത്തകര്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചു വരുന്നു.
പുതിയ നഗരസഭാ ബസ് സ്റ്റാന്റില്‍ ജാഗ്രതാ സെല്ലിന്റെയും പ്രവര്‍ത്തനം നടന്നു വരികയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരിച്ച ചെലവുകളാണ് നഗരസഭ വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ നല്ലവരായ ജനങ്ങളുടെ ഉദാരമായ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അഭ്യര്‍ത്ഥിച്ചു.