മുംബൈ : കൊറോണയ്ക്കുള്ള വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കെ മഹാരാഷ്ട്രയിലെ മുംബൈയിലും താനെയിലും കോവിഡിനുള്ള മരുന്ന് എന്ന പേരില്‍ റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കൊറോണയ്ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന് അമേരിക്കയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മരുന്നാണ് റെംഡെസിവിര്‍. ഇതിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് താനെ പോലീസ് രണ്ടാമത്തെ റാക്കറ്റിനെയാണ് ഇപ്പോള്‍ പിടികൂടിയത്. കൊറോണ വൈറസ് ചികിത്സയ്ക്ക് വേണ്ടി കരിഞ്ചന്തയില്‍ മരുന്ന് വില്‍ക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
40,000 രൂപയ്ക്ക് മരുന്ന് വില്‍ക്കാന്‍ ശ്രമിച്ചതിന് 50 വയസുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഉല്ലാസ് നഗറിലെ താമസക്കാരിയും വീട്ടമ്മയുമാണ് പ്രതിയായ നിതി പഞ്ച്വാനിയെന്ന് പോലീസ് പറഞ്ഞു. റാക്കറ്റിന്റെ തലവനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. റെംഡെസിവിര്‍, ടോസിലിസുമ്പ് എന്നീ മരുന്നുകള്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നിരക്കില്‍ കരിഞ്ചന്തയില്‍ വിറ്റതിന് അഞ്ചുപേരെ താനെ ആന്റി – എക്സ്റ്റോര്‍ഷന്‍ അംഗങ്ങള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.