തിരുവനന്തപുരം : സംസ്ഥാനത്ത് 623 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 157, കൊല്ലം 11, ആലപ്പുഴ 20, പത്തനംതിട്ട 64, കോട്ടയം 25, ഇടുക്കി 55, എറണാകുളം 72, തൃശൂര്‍ 5, മലപ്പുറം 18, പാലക്കാട് 19, കോഴിക്കോട് 64, കണ്ണൂര്‍ 35, വയനാട് 4, കാസര്‍കോട് 74 എന്നിങ്ങനെയാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 ബിഎസ്ഇക്കാര്‍ക്കും രോഗം. ഇന്ന് ഒരു മരണം ഉണ്ടായി. രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 196 പേര്‍ ഇന്നു രോഗമുക്തി നേടി.
ഇന്ന് രോഗവിമുക്തി ലഭിച്ചവര്‍ – തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, മലപ്പുറം 44, പാലക്കാട് 53, കോഴിക്കോട് 15, കണ്ണൂര്‍ 10, വയനാട് 1, കാസര്‍കോട് 17 എന്നിങ്ങനെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2,60,356 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 78415 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി. 14 പ്രദേശങ്ങള്‍ പുതുതായി ഹോട്ട് സ്‌പോട്ടായി.
കോവിഡ് രോഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. ആരില്‍ നിന്നും രോഗം പകരാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം വന്നേക്കാം. അതിനാല്‍ ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തില്‍ നിന്ന് മാസ്‌ക് ധരിച്ചും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍ക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ വലിയ തോതില്‍ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതിനാല്‍ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം. വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു.