ന്യൂഡൽഹി : ടൗട്ടെ ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണു മോദി ഇക്കാര്യം നിർദേശിച്ചത്.
വൈദ്യുതി, ജലവിതരണം, ടെലി കമ്യൂണിക്കേഷൻ, ആരോഗ്യ സംവിധാനങ്ങൾ എന്നിവയ്ക്കു മുടക്കം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. 24 മണിക്കൂർ കൺട്രോൾ റൂമുകൾ ആരംഭിക്കണം. തിരുവനന്തപുരത്തും കണ്ണൂരും പടിഞ്ഞാറൻ തീരത്തെ മറ്റിടങ്ങളിലും ദുരന്ത നിവാരണ ടീമുകളും മെഡിക്കൽ ടീമുകളും സജ്ജമാണെന്നു നാവിക സേന അറിയിച്ചു. ഇതിനിടെ മുംബൈയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 2 ദിവസത്തേക്കു കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു.