മൂവാറ്റുപുഴ: കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തില്‍ മൂവാറ്റുപുഴ ടൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് തീരുമാനം എടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നഗരസഭ ജീവനക്കാരും പോലീസും സംയുക്ത പരിശോധന നടത്തും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും.
രണ്ടുദിവസത്തിനകം 28 വാര്‍ഡിലും ദ്രുതകര്‍മ സേനയുടെയും വാര്‍ഡുതല ജാഗ്രതസമിതിയുടെയും സംയുക്ത യോഗം ചേര്‍ന്ന് കര്‍മപരിപാടികള്‍ തയാറാക്കും. അടിയന്തരഘട്ടം ഉണ്ടായാല്‍ ജനറല്‍ ആശുപത്രിക്കുപുറമെ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും സി.എഫ്. എല്‍.ടി.സികള്‍ തുറക്കും. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യക്കാര്‍ക്ക് നഗരസഭ സൗജന്യമായി ഭക്ഷണം എത്തിച്ചുനല്‍കും.
കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സകേന്ദ്രത്തില്‍ എത്തിക്കാന്‍ സൗജന്യമായി വാഹന സൗകര്യം ഒരുക്കും. വാക്സിന് ലഭ്യതക്കനുസരിച്ച് വിവിധ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് ക്യാമ്പ് നടത്തും. ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആയുര്‍ രക്ഷാ ക്ലിനിക്കില്‍ ചികിത്സയും പ്രതിരോധമരുന്ന് വിതരണവും ആരംഭിക്കും.
100പേര്‍ക്ക് പ്രതിദിനം പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ഹോമിയോ പ്രതിരോധ ഗുളികകളുടെ വിതരണവും നടത്തും. വാര്‍ഡുതല ദ്രുതകര്‍മസേന പ്രതിരോധ മരുന്ന് വീടുകളില്‍ എത്തിച്ചുനല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശകരെ നിയന്ത്രിക്കും.
നഗരസഭയും പോലീസും ഉച്ചഭാഷിണിയിലൂടെ ഇതര ഭാഷകളിലും നിര്‍ദേശങ്ങള്‍ നല്‍കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതിനുശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നഗരത്തിലെത്തുന്ന വാഹനങ്ങളുടെ വിവരം പോലീസ് ശേഖരിക്കും. യാത്രക്കാരെയും വാഹന ജീവനക്കാരെയും നിരീക്ഷിക്കും.ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും. ബസ്-ഓട്ടോ സ്റ്റാന്‍ഡുകളിലും ബസ് സ്റ്റോപ്പുകളിലും സമൂഹ അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിന് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും.
യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്പേഴ്സന് സിനി ബിജു, സ്ഥിരം സമിതി ചെയര്മാന്മാരായ പി.എം. അബ്ദുസ്സലാം, അബ്ദുല്‍ ഖാദര്‍, അജിമോന്, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനിസിപ്പല്‍ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന്, ഹോമിയോ ആര്.എം.ഒ ടി.വി. ചിത്ര, ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് പി.സി. ഷീല, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ഭാരവാഹികള്‍, മറ്റുസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.