ദില്ലി : കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ആഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്. ഉയര്‍ന്ന ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നത് വരെ അലംഭാവത്തിന് യാതൊരു ഇടവുമില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്സവ സീസണുകള്‍ അടുത്തുവരുന്നതിനാല്‍ ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൊവിഡ് കുറയുന്ന സ്ഥലങ്ങളില്‍ സാവധാനം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നപ്പോള്‍ സംസ്ഥാനങ്ങളും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണ്. കേസുകളുടെ എണ്ണം കുറയുന്നത് സംതൃപ്തി നല്‍കുന്ന കാര്യമാണെങ്കിലും കേസുകളുടെ എണ്ണം ഇപ്പോഴും ഗണ്യമായി ഉയരുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും അതിനാല്‍ അലംഭാവത്തിന് ഇടമില്ല, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ശ്രദ്ധാപൂര്‍വ്വം വേണമെന്നും അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികളെ കണ്ടെത്തുന്നതും ചികിത്സ ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളും വേഗത്തിലാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.ഇന്ത്യയില്‍ ,14,84,605 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,06,63,147 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 41,678 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.