ന്യൂഡല്‍ഹി : രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത തരംഗം ശക്തിപ്രാപിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പല സംസ്ഥാനങ്ങളും വീണ്ടും മാസ്‌ക് ഉപയോഗിക്കുന്നത് കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദഗ്ധരും ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ആരോഗ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് 12 വയസിന് താഴെയുള്ള കുട്ടികളില്‍ 3 വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രസ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഅനുമതി നല്‍കി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്‌സ്, കാഡില്ല ഹെല്‍ത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നല്‍കിയത്.