പത്തനാപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴയിടാന്‍ നോക്കിയ പോലീസുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ജനങ്ങള്‍. നാട്ടുകാരുടെ കൂട്ടമായുള്ള പ്രതിഷേധം കണ്ട് സംഭവസ്ഥലത്ത് നിന്ന് പോലീസ് തടിതപ്പി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പോലീസിന്റെ സ്ഥിരം പരിപാടിയാണിതെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നുണ്ട്. ‘ഇതിവരുടെ സ്ഥിരം പരിപാടിയാണ്. കാലമെത്രയായി ഇത് തുടങ്ങിയിട്ട്. പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ. ഒരു മര്യാദ വേണ്ടേ. ആള്‍ക്കാരെല്ലാം വെറിപിടിച്ച് നടക്കുകയാണ്. എവിടെ നിന്നെങ്കിലും പത്തോ ഇരുനൂറോ ഒപ്പിച്ചാണ് സാധനം വാങ്ങാന്‍ വരുന്നത്,’ വീഡിയോയില്‍ പറയുന്നതിങ്ങനെ.
വയനാട് ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്താന്‍ ചായക്കടക്കാരന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നതോടെ മജിസ്‌ട്രേറ്റിന് മടങ്ങേണ്ടി വരികയായിരുന്നു.