തിരുവനനതപുരം : ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ ഭാഗികമായി തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകള്‍ തുറക്കും. പൂര്‍ണമായ തുറക്കല്‍ എന്നാല്‍ ഉടനെ അനുവദിക്കില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്‌ത ശേഷo സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കും.
ഒക്‌ടോബര്‍ 25 മുതല്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കും. ആകെയുളള സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമേ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോളേജുകളിലും രണ്ട് ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ വച്ച് ഒക്‌ടോബര്‍ 18 മുതല്‍ ക്ളാസാരംഭിക്കും.
മരണാനന്തര ചടങ്ങുകളിലും കല്യാണങ്ങളിലും 50 പേരെ വരെ അനുവദിക്കും. 50 പേരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ ഒന്നുമുതല്‍ ഗ്രാമസഭകളും അനുവദിക്കും. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.