മീനങ്ങാടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മീനങ്ങാടി പഞ്ചായത്തില്‍ നിയന്ത്രണം കടുപ്പിച്ചു. ഒരാഴ്ചക്കിടെ നടന്ന ആന്‍റിജന്‍ പരിശോധനയില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ മീനങ്ങാടി പഞ്ചായത്തിലെയും മൂന്ന് പേര്‍ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. 26നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് 28ന് നടന്ന ആന്‍റിജന്‍ പരിശോധനയില്‍ സ്ഥാപനത്തിലെ മറ്റ് ഏഴുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 29ന് ടൗണിലെ ചുമട്ടുതൊഴിലാളിക്കും പോസിറ്റീവായി. പിന്നീടുള്ള ദിവസങ്ങളില്‍ മീനങ്ങാടിയിലെ മറ്റൊരു ചുമട്ടുതൊഴിലാളിക്കും രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഉണക്കമീന്‍ മൊത്ത വിതരണക്കാരനും രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച മീനങ്ങാടി സി.എച്ച്.സിയില്‍ നടന്ന ആന്‍റിജന്‍ പരിശോധനയില്‍ മൂന്നു വയസ്സുള്ള കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് മീനങ്ങാടിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.