തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഉള്‍പ്പെടെ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും.
പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ കൂടാതിരിക്കാന്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ടിപിആര്‍ നിരക്ക് 48 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു.
ആശുപത്രികളും കോളേജുകളും ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല.
ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പോലീസ് കമ്മീഷണര്‍, റൂറല്‍ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, റവന്യൂ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.