ചവറ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ ചവറ പോലീസ് കേസെടുത്തു. നീണ്ടകര പരിമണം കൈപ്പവിള ധര്‍മശാസ്താ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. പൊതു ചടങ്ങുകള്‍ക്ക് 50 പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ശനിയാഴ്ച വൈകീട്ട് ചെണ്ടമേളം, താലപ്പൊലി, ഫ്ലോട്ടുകള്‍ എന്നിവയുമായി ഘോഷയാത്ര ഹൈവേയിലെത്തി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ പോയത്.
ഘോഷയാത്ര മൂലം ഹൈവേയില്‍ അര മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. കൂടുതല്‍ പോലീസെത്തിയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് ഫ്ലോട്ടുകളുടെ ഡ്രൈവര്‍മാരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ഉത്സവങ്ങള്‍ ചടങ്ങ് മാത്രമാക്കി കുറച്ചിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.