തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന്റെ ഗുരുതരമായ രണ്ടാം തരംഗമാണെന്നും വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വീണ്ടുമൊരു പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു ശ്രമം. ജനങ്ങള്‍ എല്ലാരീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റു വഴിയുണ്ടാകില്ലെന്നു മന്ത്രി മുന്നറിയിപ്പു നല്‍കി.
കോവിഡ് വ്യാപനത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശനിയാഴ്ചവരെ രോഗബാധിതരായ 1,67,939 പേരില്‍ ഭൂരിപക്ഷവും 20 – 40 വയസുകാരാണ്. ആരോഗ്യമുള്ളതിനാല്‍ ചെറുപ്പക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നിരിക്കും. പക്ഷേ വീട്ടില്‍നിന്നു പുറത്തുപോയിട്ടില്ലാത്ത ഹൈ റിസ്‌ക് വിഭാഗത്തിലുള്ള വയോധികരിലേക്ക് ഇവരിലൂടെ രോഗം പകരും. അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വൈറസ് ബാധിച്ചാലും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്ന തോന്നലും വേണ്ട. ഇതുവരെ മരിച്ചതില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണ് മന്ത്രി പറഞ്ഞു.
ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍ ഉണ്ടാകരുതാത്ത തരത്തില്‍ ചില അനുസരണക്കേടുകളുണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണം കൂടി. രോഗം വ്യാപകമാകുന്ന ഘട്ടത്തില്‍ മരണം ക്രമാതീതമായി ഉയരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണല്ലാതെ പോംവഴിയുണ്ടാകില്ല. പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ ആ അവസ്ഥയിലാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണ പരിഹാരമാകുകയുമില്ല. എങ്കിലും അത് ഒഴിവാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം വേണം. മരണനിരക്ക് കുറയ്ക്കാനായത് ഏറെ ആശ്വാസകരമാണ്. അതു നിലനിര്‍ത്തണം. അകാലത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പരസ്പരം സഹകരിക്കണം മന്ത്രി പറഞ്ഞു.