ലക്നൗ : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോഗമുക്തിക്ക് ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിംഗ് ആണ് കൊവിഡിന് മരുന്നാണ് ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഇദ്ദേഹം സ്വയം ഗോമൂത്രം കുടിക്കുന്ന വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളോടും ഗോമൂത്രം കുടിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ഗോമൂത്രം കുടിക്കുന്നത്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ഗോമൂത്രം കലക്കി വേണം കുടിക്കാനെന്നുമെല്ലാം എംഎൽഎ വിവരിക്കുന്നുണ്ട്. ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം.
സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.