തിരുവനന്തപുരം : കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.
അതേസമയം വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായിരുന്നിട്ടും സമരത്തിന്റെപേരിൽ ആളുകൾ ഒത്തുകൂടുന്നത് ശരിയല്ല. അങ്ങനെവന്നാൽ രോഗികളുടെ എണ്ണം ഇനിയുമുയരും.-കെ.കെ. ശൈലജ ആരോഗ്യമന്ത്രി.