പത്തനംതിട്ട : നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.
ഇന്ന് ഡോക്ടര്‍ സുജിത് സിംഗിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോക്ടര്‍ പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം നടത്തും. നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.